Posts

Showing posts from November, 2025

മുണ്ട്‌

അരക്കു കുറുകെ മുറുക്കി   ഉടുക്കുവാൻ എനിക്കുമുണ്ടൊരു മുണ്ട്‌ വില നന്നേ പിടിച്ചതാണെന്നുടെ  സ്വർണ്ണ കരയുള്ള മുണ്ട്‌ .  ഓണത്തിനമ്പലമൊന്നു കണ്ടീടുവാൻ  ആണ്ടിലൊരിക്കലീ മുണ്ട്‌.  കൈ കൊട്ടി കളിച്ചുകൊണ്ടാടിത്തിമിർക്കുവാൻ  മടക്കി കുത്തുമെൻ മുണ്ട്‌.  സൈക്കിളിൻമീതെ വമ്പു കാട്ടീടുവാൻ  തൂവെള്ള നിറമുള്ള മുണ്ട്‌.  നാലാളുപോകുമിടമൊന്നു കാണുവാൻ  നാട്ടുകാർക്കുള്ളപോൽ  നല്ല മുണ്ട്‌.  നാഭി നിറയുമെൻ ആശ നിറവേറ്റാൻ  പട്ടിൽ നെയ്തൊരു മുണ്ട്‌.  മാറാല നൂലുപോൽ നിക്കറുമിട്ട എൻ  സ്വപ്നത്തിലുള്ളതാണിന്നീ മുണ്ട്‌.

നീലി

നട്ട പാതിരാ നേരത്തു  നല്ല നിലാവുള്ള കാലത്തു   നാണിച്ചു നിൽക്കണതെന്താണ്  നാടോടിപ്പെണ്ണേ നീലികുട്ടി. നാക്കില നീട്ടി ഇരുന്നാട്ടെ  നാടോടി കൂട്ടം വിളംബാം ഞാൻ  നീട്ടി ഒഴിക്കുവാൻ തന്നീടാം  നാലു രുചിയുള്ള ചെഞ്ചോര  നാക്കാലെ വെറ്റില ചവച്ചീടാൻ  നാലടി നീളത്തിൽ കോളാമ്പി  നീണ്ടു നിവർന്നു കിടന്നീടാൻ  നറു പാലപ്പൂവിൻ പട്ടുമെത്ത. Note: "നാലു രുചിയുള്ള ചെഞ്ചോര" - 4 types of blood group.

എൻ മകൻ

ആശിച്ചതെല്ലാം കയ്യിലൊതുക്കാൻ  ആകാശം മുട്ടേ പാത ഒരുക്കാം.  ആനന്ദത്തോടെ തോഴിയെ വിളിക്കാം അന്തിയൊരെണ്ണം കൂടെയും നിൽക്കാം.  സ്നേഹിതരൊത്തൊരു യാത്രയും കൂടി  സന്ദേഹമില്ലാതെ അലഞ്ഞു നടക്കാം.  ആണ്ടിലൊരിക്കൽ ഉറക്കമൊഴിക്കുവാൻ   എൻ മകൻ നിൻ മകൻ വേറെ അല്ലോ.  

മേട ചുണ്ടൻ

ആർത്തു പറഞ്ഞു ആർപ്പോ  ഏറ്റുപറഞ്ഞു ഇർറോ ആലുങ്കാട്ടെ ആ-മേട ചുണ്ടൻ്റെ അമരത്തു നിന്നവൻ ഉറഞ്ഞു തുള്ളി.  മെല്ലെ തലോടിയും തഞ്ചത്തിൽ കൊഞ്ചിയും  പുഴയോട് തുഴയായ് മുത്തമേകി.  കിന്നാരം ചൊല്ലുന്ന വള്ളത്തിൻ മുൻപിലായ് പരലുകൾ ആനന്ദ നൃത്തമാടി   വട്ടം വലിച്ചൊരു പാശവും വെട്ടി  പഞ്ചാര കപ്പിലും മുത്തമിട്ടു.