ദേവനഗരിയിലെ ദിനരാത്രങ്ങൾ
എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി; നാളെ എന്നത് എത്ര മനോഹരമായിരിക്കും എന്നറിയാതെ. സൂര്യൻ നമ്മുടെ ഉച്ചസ്ഥായിയിൽ ജ്വലിച്ചു നിൽക്കുമ്പോൾ ആ സൗഭാഗ്യ നിമിഷങ്ങൾ എന്നിലേക്ക് വന്നു, ഒരു ഫോൺ കോളിൻ്റെ രൂപത്തിൽ. ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച *N.I.C. DEHRADUN CAMP(ഡെറാഡൂൺ ,ഉത്തരാഖണ്ഡ്). ഞാനും എന്റെ സുഹൃത്തും, സഹപാഠിയും ആയ ആദർശ് ഉം ക്യാമ്പിലേക്ക് സെലക്ട് ആയിരിക്കുന്നു. കേരളത്തിൽ നിന്നും , 16 പേരിൽ 2 പേർ അക്വിനാസ് കോളേജിലെ കേഡറ്റ്സ് . ഞങ്ങളുടെ സാരഥി ആയി വരുന്നത് S D P Y പള്ളുരുത്തി സ്കൂളിലെ NCC **ANO ആയ കലാഭാനു സർ ആണ് എന്നത് ഞങ്ങളുടെ യാത്രയുടെ മാധുര്യം കൂട്ടി .
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് മറ്റൊരു സുപ്രഭാതത്തിൽ ഞങ്ങൾ യാത്ര തിരിച്ചു . മണിക്കൂറുകൾ കൂടുന്നതോടൊപ്പം ചൂടും കൂടി വന്നു. നാടൻ പാട്ടരങ്ങ് ഞങ്ങളിൽ ഒരു തണുത്ത കാറ്റിൻ്റെ പ്രതീതി ഉളവാക്കി. പരുന്തിൻ്റെ കൈകളിൽ നിന്നും തൻ്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തള്ള കോഴിയെപ്പോലെ, എല്ലാം ത്യജിച്ചു ഭാരതാംബയുടെ സംരക്ഷകരാകുന്ന സൈനികരിൽ ചിലർ ഞങ്ങളുടെ കൂടെ യാത്ര ചെയുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. വളരെ അച്ചടക്കവും, സൗമ്യതയോടും കൂടി അവരുടെ ജീവിതചര്യയെ കുറിച്ച് പറഞ്ഞു ഞങ്ങളെ വാചാലരാക്കി. ചിരിച്ചും കഥ പറഞ്ഞും, പാട്ടു പാടിയും രാത്രികൾ കടന്നു പോയി .
റായ്വാല റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ഞങ്ങൾക്ക് ന്യൂഡൽഹിയിൽ ഇറങ്ങേണ്ടി വന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അഭാവതകൾ എന്നും പറയാം. 16 പേരിൽ ഒരാളായിരുന്ന ആതിരയുടെ അമ്മാവൻ ഞങ്ങളുടെ മുൻപിൽ വന്നത് ഒരു ദൈവദൂതനെ പോലെ ആയിരുന്നു എന്ന് പറയാതെ വയ്യ. ന്യൂഡൽഹിയിൽ നിന്നും "ചാന്ദ്നി ചൗക്ക്" വരെ മെട്രോ റെയിൽ വഴിയാണ് എത്തേണ്ടിയിരുന്നത്. അദ്ദേഹം ഉള്ളതിനാൽ മെട്രോ യാത്ര കെങ്കേമമായി. അന്നത്തെ ഭക്ഷണവും അമ്മാവൻ്റെ വക ഇഡലി, കുശാൽ. ഞങ്ങളുടെ സഹയാത്രികരായിരുന്ന ഒരു അമ്മയും, സിസ്റ്ററും യാത്രചൊല്ലി. ചുരുങ്ങിയതാണെങ്കിലും അവരുടെ സാന്നിധ്യം അമൂല്യമായി തീർന്നു. ഒരു ദിവസത്തെ സന്തോഷത്തിനിടയിൽ അടുത്തത് നരകയാതന അനുഭവിക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ചില്ല .
ഏകദേശം ഒരു ദിവസം ഭക്ഷണവും ദാഹജലവും ഇല്ലാതെ കഴിച്ചുകൂട്ടേണ്ടിവന്നു. കാര്യകാരണം ഗംഗാസ്നാനം ആണെന്ന് പിന്നീട് ആണ് മനസിലാകുന്നത്. ട്രെയിനിൻ്റെ ബോഗിയിൽ നിന്നിരുന്ന പോലീസുകാരനെ ചീത്തവിളിച്ച് അദ്ദേഹത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി, ഞങ്ങൾ ആർമി ട്രെയിനികളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അതിനുള്ളിൽ പ്രവേശിച്ചത് എന്ന് ഓര്മിപ്പിച്ചുകൊള്ളുന്നു. തെറ്റിദ്ധരിക്കരുത്, ടിക്കറ്റ് ANO യുടെ കൈകളിൽ ആയിരുന്നു .ഞങ്ങൾക്ക് അനുവദിച്ചിരുന്ന സീറ്റിൽ എത്തുവാൻ കുറച്ചു കഷ്ടപ്പെട്ടു . കാൽ വയ്ക്കാൻ പോലും സ്ഥലമില്ലായിരുന്നു. ഞങ്ങളുടെ സീറ്റിൽ എത്തിയപ്പോൾ അവിടെ ഇരിക്കുന്നതാകട്ടെ വേറെ കുറെ ആളുകളും. അവരെ അതിൽ നിന്നും മാറ്റി ഇരുത്തി. റായ്വാല സ്റ്റേഷൻ എത്തുന്നതിനു മുമ്പത്തെ സ്റ്റേഷനിൽ ഗംഗാ സ്നാനത്തിനു വന്ന ആളുകൾ ഇറങ്ങി . "ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ " ആയിരുന്നു ട്രെയിനിന്റെ അന്നേരത്തെ അവസ്ഥ .ഇതിനിടയിൽ കുടിച്ച വെള്ളം രുചിക്കുവാൻ പോലും തോന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു .
അങ്ങനെ 4 ദിവസത്തെ കഠിനമായ യാത്രയെ തരണം ചെയ്ത് ഞങ്ങൾ ക്യാമ്പിൽ എത്തിയിരിക്കുന്നു .തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സമ്മാനിച്ചു അവർ ഞങ്ങളെ സ്വീകരിച്ചു. പേരുപോലെ, ഐക്യത്തോടുകൂടി തന്നെ ഗോവയിൽ നിന്നുവന്ന കേഡറ്റ്സ് ഞങ്ങളുമായി മുറി പങ്കിട്ടു. "കാക്കിക്കുള്ളിലെ കലാകാരൻ" എന്ന വാക്കു തികച്ചും അര്ഥപൂര്ണമാക്കുന്ന വിധമുള്ള കലാപരുപാടികളായിരുന്നു പിന്നീട് ഞങ്ങൾക്കു മുൻപിൽ വിളമ്പിയത്. കലയുടെ കാര്യത്തിൽ നമ്മളും ഒട്ടും പിന്നിലല്ല എന്ന് അവർക്കു കാണിച്ചു കൊടുത്തു. കഥകളി, ഓട്ടൻതുള്ളൽ, വള്ളംകളി, കളരി, കേരളത്തിൻ്റെ ദേശീയ ഉത്സവങ്ങൾ, മതമൈത്രി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ "കൾച്ചറൽ പ്രോഗ്രാം" , നാടോടിനൃത്തം, സംഘനൃത്തം, വാദ്ധ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടിയ സംഘഗാനവുമെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. അതിനുശേഷം അനുമോദന പ്രവാഹമായിരുന്നു , സാക്ഷ്യം വയ്ക്കുവാൻ അരങ്ങേറിയ പരിപാടികളിൽ 1 ഒഴികെ എല്ലാത്തിനും ആദ്യ സ്ഥാനം. ദിനരാത്രങ്ങളെ പിന്നിട്ടു ഞങ്ങൾ മുന്നേറികൊണ്ടിരുന്നു.
കാത്തിരുന്ന ദിവസം വന്നെത്തി; ഗംഗാ തീരവും IMA (ഇന്ത്യൻ മിലിറ്ററി അക്കാദമി) പാസിംഗ് ഔട്ട് പരേഡ് ഉം കാണുവാനുമുള്ള സുവർണ്ണ നിമിഷങ്ങൾ. സൂര്യനോടൊപ്പം ഞങ്ങളും ഉണർന്നു. അന്തരീക്ഷത്തിൽ മഞ്ഞു പടർത്തി പ്രകൃതി പുഞ്ചിരിച്ചു. ഞങ്ങൾ യാത്ര പുറപ്പെട്ടു , IMA യിലേക്ക്. ഇന്ദിരാ ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി-ഉം കഴിഞ്ഞ് ബസ് നീങ്ങികൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾക്കുമപ്പുറം മുതൽ സംരക്ഷണ ഭിത്തി സ്ഥാപിച്ചത് പോലെ ജവാന്മാർ നിരന്നിരിക്കുന്നു. ബസ് ഗേറ്റിലേക്ക് അടുത്തു. ഇവിടെ ഞങ്ങളെ സ്വാഗതം ചെയ്തത് പ്രകൃതിയും, പ്രകൃതിയോട് ഇണങ്ങി അതിൻ്റെ ഭാഗമായി തീർന്ന പഴയ പീരങ്കി, ഹെലികോപ്റ്റർ തുടങ്ങിയ യുദ്ധ സാമഗ്രികളാണ്. തെല്ലൊരു ഭയത്തോടു കൂടിയും എന്നാൽ അതിലധികം സന്തോഷത്തോടു കൂടി ചെറു പുഞ്ചിരി വിടർത്തികൊണ്ട് ഞങ്ങൾ ബസിൽ നിന്നുമിറങ്ങി. ഒരു മേജർ ഞങ്ങളെ അകത്തേക്ക് നയിച്ചു. ആദ്യ രണ്ടു നിരകളിലായി ഞങ്ങൾ സ്ഥാനം ഉറപ്പിച്ചു. ഏക്കറുകളോളം സ്ഥലം ടാറിട്ട് മെഴുകി ഒരുക്കിയിരിക്കുന്നു. അതിനു നടുവിലായി IMA യുടെ ഒരു മന്ദിരവും. രാജ്യസ്നേഹമുയർത്തുന്ന ഗാനങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുകയായി .
കുതിര കുളമ്പടി അകമ്പടിയോടെ ഉന്നതികളിലെ വ്യക്തിത്വങ്ങൾ ആഗതരായി. പാസ്സിങ്ങ് ഔട്ട് പരേഡ് തുടങ്ങുന്നു. IMA മന്ദിരത്തിൻ്റെ ഒരു വശത്തുനിന്നും പരേഡ് മെല്ലെ നടന്നടുത്തു; വാക്കുകളാൽ വിവരിക്കുവാൻ സാധിക്കാത്ത ഒരു അനുഭൂതി ഞങ്ങളിൽ ഉളവാക്കി കൊണ്ട്. പരേഡ് നയിക്കുന്നത് ഒരു മലയാളിയാണ്, അദ്ദേഹത്തിനു സ്വോർഡ് ഓഫ് ഓണർ (Sword of Honour) ലഭിക്കുന്നത് നേരിൽ കണ്ടു. ആകാശത്തുനിന്നും ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളികളെ പോലെ പുഷ്‌പവൃഷ്ടി ചെയ്തുകൊണ്ട് ഏതാനും ഹെലികോപ്റ്ററുകൾ പറന്നു പോയി. ഞാൻ എൻ്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു, നനഞ്ഞ കണ്ണുകളും നിറഞ്ഞ മനസുമായി എല്ലാവരും താളത്തിൽ കൈകൾകൊട്ടി അഭിവാദ്യം അർപ്പിച്ചു കൊണ്ടിരിക്കുന്നു.
IMA ൽ നിന്നും യാത്ര പറഞ്ഞതിനുശേഷം കൈലാസനാഥൻ്റെ ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെട്ടു. ബസ് കുറച്ചകലെ നിർത്തിയിട്ടു. നടന്നു പോകേണ്ടതുണ്ട്.
അണപൊട്ടി ഒഴുകുന്ന ഗംഗാ നദിയാൽ അടർത്തി മാറ്റിയ മണ്ണിലേക്ക് ഒരു തൂക്കുപാലം നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രസന്നിധിയിൽ കുറച്ചുനേരം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഗംഗാതീരം ലക്ഷ്യമാക്കിനടന്നു. ഗംഗാതീരം ഒരു കച്ചവടകേന്ദ്രമായി തീർന്നിരിക്കുന്നു. ഞങ്ങൾ അതിനകത്തുകൂടി നടന്നു നീങ്ങി. ഗംഗാ നദി സൗമ്യതയോടുകൂടി മുന്നോട്ടുകുതിച്ചുകൊണ്ടിരുന്നു. പുണ്യസ്നാനവും കഴിഞ്ഞ് നദീജലം കുപ്പികളിലാക്കി സംഭരിച്ച് ഞങ്ങൾ ക്യാമ്പിലേക്ക് തിരിച്ചുപോയി.
പുതിയ സുഹൃത്ത്ബന്ധങ്ങൾ സ്ഥാപിച്ച്കളിയും, ചിരിയും, കുസൃതികളുമായി ദിവസങ്ങൾ കടന്നുപോയി. ക്യാമ്പിലെ അവസാനരാത്രി എത്തിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്ന "ബഡാഗാന" ഞങ്ങൾക്ക് വളരെ ചെറുതാണെന്ന് തോന്നി. പിറ്റേന്ന് രാവിലെ ക്യാമ്പിലെ ചെറു ചായസൽക്കാരവും കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക്പുറപ്പെട്ടു. "ഇനി എന്ന് കാണും" എന്ന ചോദ്യത്തോട് കൂടി ഞങ്ങൾ കൂട്ടുകാരോട് വിട പറഞ്ഞു, ഉത്തരം അറിയാതെ...
നന്നായി എഴുതി.... ഓരോ NCC camp കളും നമ്മളിൽ നിറച്ച ആവേശം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. IMA passing out pared കാണാൻ സാധിച്ചത് വളരെ മൂല്യമേറിയ അനുഭവം തന്നെയായിരുന്നു.
ReplyDeleteMiss you guys❣️
നന്നായി എഴുതി.... ഓരോ NCC camp കളും നമ്മളിൽ നിറച്ച ആവേശം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. IMA passing out pared കാണാൻ സാധിച്ചത് വളരെ മൂല്യമേറിയ അനുഭവം തന്നെയായിരുന്നു.
ReplyDeleteMiss you guys❣️
awesome words, keep trying
ReplyDeletePwlii aliyaaa
ReplyDelete