കറങ്ങുന്നു, ഉലകമോ അതോ ഞാനോ. കാലുകൾ ഉറക്കുന്നില്ല, കൈകൾ എത്തുന്നില്ല. താളം തെറ്റിയ മനസ്സിൽ രോഷം കത്തിയമർന്നു. ഇന്നലയെ പിഴച്ചും, നാളയെ ശപിച്ചും എത്ര നാൾ മുന്നോട്ടു പോകും. ഉള്ള് നീറി വലിഞ്ഞപ്പോൾ അവൻ്റെ കണ്ണുനീർ പറയാതെ പറഞ്ഞു, എല്ലാം എൻ്റെ തെറ്റ്, എല്ലാം എൻ്റെ തെറ്റ്. മരണത്തെ ചേർത്ത് പിടിച്ച് അവസാനമായി മന്ത്രിച്ചു ഒഴിക്കു ഒരു ഗ്ലാസ് കൂടി.
നടന്നു തുടങ്ങി, എവിടേക്കെന്നറിയാതെ. താണ്ടണം ഇനിയും ഏറെദൂരം ദിശ ഏതെന്നു തിരിയാതെ. ചട്ടുകാലുമായി മുടന്തി നീങ്ങി ഒട്ടിയ വയറിനു ഭിക്ഷ നൽകാൻ. കൈ കൂപ്പി വാങ്ങി കല്ലുകൾ, കൈ കൂപ്പാതെ വാങ്ങി കരുണയും. ആരുടെയോ ഔദാര്യം എന്നുടെ അവകാശം ആകുമ്പോൾ, മൗനം ഉത്തരമായി. താണ്ടണം ഇനിയും, ഏറെ ദൂരം...