അവൾ ഒരു...

ചുവപ്പു വെളിച്ചത്തിൻ്റെ ചെറു കിരണങ്ങൾ വേഗതയുടെ ചക്രങ്ങളെ താത്കാലികമായി പിടിച്ചുനിർത്തി. ഒരു നിനം കേട്ട ശബ്ദം എൻ്റെ കണ്ണുകളെ ചിന്തകളുടെ ഭ്രാന്തമായ കടിഞ്ഞാൺ പൊട്ടിച്ച് ആ ശബ്ദത്തെ തേടി അലയുവാൻ പ്രേരിപ്പിച്ചു. 

"മ്മേ.. അമ്മേ.." ഒരു പിഞ്ചു കുഞ്ഞ്‌ ചില്ലു ജാലകത്തിനപ്പുറമായി തൻ്റെ മാതാവിൻ്റെ ശ്രദ്ധക്കായി വിതുമ്പുന്നു.

കൈക്കുമ്പിളിൽ പുതുകാഴ്ചകളുടേയും വശ്യതകളുടേയും ലോകത്തിൽ മുഴുകിയിരിക്കുന്ന അമ്മ. കുരുന്നു വിങ്ങലിനു കാഠിന്യം നന്നേ കുറഞ്ഞിരിക്കുന്നു. 

ജാലകത്തിൽ കൈകൾ വെച്ച്, ഒരു ചെറുപുഞ്ചിരി വിടർത്തുവാൻ ഞാൻ മനസിനെ പാകപ്പെടുത്തി. ഇതിനപ്പുറം ഒരു അമ്മയെന്ന നിലയിൽ തനിക്കു എന്തുചെയ്യുവാനാകും. പ്രവർത്തികൾ ഫലവത്തായതുപോലെ, കുഞ്ഞ്‌ കരച്ചിൽ നിർത്തി, അവനുടെ കൈകൾ മെല്ലെ ഉയർത്തി കണ്ണുകൾ എന്നിലേക്ക്‌ കേന്ദ്രീകരിച്ചിരിക്കുന്നു. ആ നിറഞ്ഞ കണ്ണുകൾ, വിധിയുടെ പാദങ്ങൾ കാൽപ്പന്തു കളിച്ച കാലത്തിൻ്റെ ഓർമ്മകൾ ആഴത്തിൽ തറച്ചുകയറ്റി. 


കാലി ചന്തയുടെ ചവറ്റുകൊട്ടയിൽ അനാഥമായ ബാല്യം. സ്വന്തമെന്നു പറഞ്ഞ് എടുത്തിവളർത്തിയ തെരുവിൻ്റെ കൈകൾ. ആ കൈകളുടെ ജീവൻ എന്നെന്നേക്കുമായി അടർത്തി മാറ്റിയ വേഗതയുടെ നാല് കറുത്ത ചക്രങ്ങൾ. ഇരുളിൻ്റെ മടിത്തട്ടിൽ വീണ്ടും അനാഥത്വം. 

പകൽ മറഞ്ഞു ഇരുൾ വീഴുവാൻ കാത്തിരുന്ന ബലിഷ്‌ഠമായ കരങ്ങൾ സമ്മാനിച്ച വേദനയും, ദാനമായി തന്ന ഒരു ജീവനും. 

സ്നേഹിക്കുവാൻ, താലോലിക്കുവാൻ, സംരക്ഷണമേകുവാൻ, ഊട്ടുവാൻ ഒരു വയറും കൂടി.എല്ലൊടിയുന്ന വേദനയിലും ആശ്വാസമേകിയ ആ കുഞ്ഞു ജീവൻ മുന്നോട്ടു പോകുവാൻ പ്രേരണയേകിയിരുന്നു. അവിടെയും തീർന്നില്ല കാലത്തിൻ്റെ  പകപോക്കൽ. ഇത്തവണ പകർച്ചവ്യാധിയുടെ രൂപത്തിൽ. അലഞ്ഞു കയറിച്ചെന്ന ആശുപത്രികൾ, പഴി പറഞ്ഞും പറയാതെയും വെറുപ്പ് നിറഞ്ഞ ഭാവങ്ങൾ, കാശിനുവേണ്ടി കൈ നീട്ടുന്ന കണ്ണുകൾ. ഒടുവിൽ അവിടെയും തോറ്റുപോയി ഞാൻ. ഒറ്റപ്പെടലിൻ്റെ ഏകാന്തതയിലേക്കു വീണ്ടും കാടുകയറി അലഞ്ഞു.

"ചീ, മാറിനിൽക്ക്‌". 

ഞെട്ടിത്തെറിച്ച്‌, വിണ്ടുകീറി വ്രണം വന്ന കാലുകൾ ഒരു അടി പുറകിലേക്കു വച്ചുപോയി.  

"വരും ഓരോന്ന്, ൻ്റെ പൊന്നിനെ കരയിപ്പിക്കുവാൻ". ആക്രോശിച്ചുകൊണ്ടു ആ അമ്മ കുട്ടിയെ അവരുടെ കൈകളിലേക്ക് വാരിയടുപ്പിച്ചു. കരഞ്ഞു കലങ്ങിയ ആ ചെറു കണ്ണുകളിൽ കണ്ണുനീർ അവശേഷിച്ചിരുന്നില്ല. 

പച്ചവെളിച്ചത്തിൽ പുതുജീവനുമായി അവർ യാത്ര തുടർന്നു. വിതുമ്പി നോക്കി നിൽക്കുവാനായിരിക്കണം എൻ്റെ വിധി! 


Comments

Popular posts from this blog

പ്രളയം

Failure?

The Cool Joker