Posts

SEO With Schema Markup

ഏകൻ

കലുഷിതം, കലഹം, കാഹളം ഉറ്റവർ അന്യനായ് ഏകൻ  തീരാനോവായ്‌ പാദസ്പർശം.  പട്ടുമെത്ത ഒരുക്കി കടത്തിണ്ണകൾ കാവലായ്‌ ശുനകനും കൂട്ടരും.  ഒരുനാൾ കിട്ടി അവനൊരു സ്വർണ്ണമുട്ട. വാനം പുൽകി മാളിക ഒരുങ്ങി   മോടിയേകാൻ നാല് ചക്രവും.  കലഹം പൂമാലയുമായ് കാൽക്കൽ വീണു  കാഹളം തേനരുവിയായ്, പാലാഴിയായ്. ഉറ്റവരില്ലാത്തേകന് മാല ഭൂഷണം  കാവലായ് കാണും ശുനകൻ,  എന്ന് സ്വന്തം ഏകൻ....

താലികെട്ട്

നാലുമണികെട്ടിൽ നാൽപ്പതു കിളികൾ  നാരായ പാട്ടും കേട്ടിരുന്നു.  നാടുകാണിക്കൊരു നങ്ങേലി പെണ്ണിനെ  നാടുകടത്തുവാൻ മോഹമെന്ന്‌.  നാക്കില നീട്ടി സദ്യയും വേണം  നാട്ടിലൊരൊന്നര ഏക്കറും വേണം.  നാലുപറക്ക്‌ നെല്ലും കുത്തി നാട്ടാരേം കൂട്ടി താലികെട്ടും. നല്ല നാടൻ പാട്ടുമായ് ഏറ്റുചൊല്ലും.

നാട്യക്കാരൻ

കെട്ടി ആടുവാൻ ഉണ്ടൊരു വേഷം  കത്തിയും കരിയും മാറി നിൽക്കും അഭിനയ പാടവം കൈയടിക്കും.  മാറിവരച്ചൊരു അക്ഷരതെറ്റിനാൽ കൊട്ടിയടച്ചൊരു വാതിലിൻ മുൻപിലായ്‌ കേണൊരു ഗാനവും ആലപിച്‌,  ഒറ്റകാലണ മുക്കാലിയുമായ് ജീവന് താളവുമേകുവാനായ്  നാടുവിടുന്നൊരു സന്തതി ഞാൻ.  നാട്യക്കാരനാം സന്തതി ഞാൻ.

ആട്ടക്കാരൻ

ആട്ടം പിഴച്ചവൻ നാട്ടകത്തെത്തി  നാട്ടകമാകെ നാലാളേം കൂട്ടി  നാടകമൊന്നു കളിക്കുവാൻ നേരം  നാരദനൊത്തൊരു നാട്യവും കെട്ടി  നട്ടുച്ച നേരത്തു നാൽപ്പതു രൂപക്ക്‌ നാക്കു കടിക്കുമൊരാഹാരോം കേറ്റി  നാലു നിലക്കൊത്തൊരുത്സവ തട്ടിൽനിന്ന് നാണിച്ചു നോക്കും നേരം  ആളുമില്ല, ആടുമില്ല, ആടിൻ്റെ പൂടേമില്ല.

ധീരൻ

ഉറക്കമറ്റ നാളുകൾ ഉരുക്കി വിറ്റ കാലമേ  ആവുകില്ല ഇന്നെനിക്കു നിരങ്ങി നീങ്ങി ഓടുവാൻ ദേഹവും കളഞ്ഞു ദേഹി ആയിടുന്ന കാലവും കൂട്ടിനില്ല നീയുമില്ല നിൻ്റെ നല്ല ഓർമയും ഒറ്റയാനായ് വാഴിടും ഒരുത്തനുണ്ട് ഭൂമിയിൽ വിട തരുവാൻ സാധ്യമല്ല ഇന്നിനിഹ ലോകവും  ഉള്ളടക്കം വ്യക്തമാണ്, ഉത്തരത്തിൽ കുറിച്ചതാണ് ഒക്കുകില്ല ജീവൻവെടിഞ്ഞു ഭീരുവായ് നടക്കുവാൻ.

പാവ

മനസ്സ് കരഞ്ഞു, കണ്ണുനീർ വന്നില്ല  ചിരി വിടർത്തി അധരങ്ങൾ കൈകളുയർത്തി ഉടൽ ആടി തുള്ളി.  നീ മിണ്ടണം, മിണ്ടരുത്  നീ കാണണം, കാണരുത് നീ കേൾക്കണം, കേൾക്കരുത്.  കാണാ കിനാവിലെ പാവ പോലെ താളമറ്റുപോയൊരാൾ ഏറ്റുപാടി. 

പഞ്ഞി

കാണാൻ എന്തൊരു ചന്തം.  പുത്തൻ ഉടുപ്പും, പുതു മെത്തയും.  നന്നാഴി നെല്ലില്ലേലും, നിറ പുത്തരിയില്ലേലും  അഞ്ചുതിരി നെയ്‌വിളക്കും,  കുരുത്തോലയും കൂട്ടിനുണ്ട്.  ആളുകൾ ഇളിക്കുന്നുണ്ട്,  നിറ കണ്ണാലെ നോക്കുന്നുണ്ട്,  ചോരാത്ത പന്തലിൽ ശ്വാസമെടുക്കുവാൻ മാറ്റും ഞാൻ എങ്ങിനെ മൂക്കിലെ പഞ്ഞി.